08:14am 27 June 2026
NEWS
സിദ്ധരാമയ്യ ബജറ്റിന്റെ പണിപ്പുരയിൽ; നേതൃമാറ്റം ഉണ്ടാകാനിടയില്ല
18/02/2025  12:49 PM IST
വിഷ്ണുമംഗലം കുമാർ
സിദ്ധരാമയ്യ ബജറ്റിന്റെ പണിപ്പുരയിൽ; നേതൃമാറ്റം ഉണ്ടാകാനിടയില്ല

കർണാടക : ഭരണ ചാതുര്യവും രാഷ്‌ടീയ വിവേകവും പ്രകടമാക്കി മുന്നോട്ടുപോവുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശക്തനും കോൺഗ്രസ്സ് ഹൈക്കമാണ്ടിന് ഏറെ പ്രിയങ്കരനുമായ ഡി കെ ശിവകുമാറുമായി മത്സരിച്ചാണ് 2023ൽ സിദ്ധരാമയ്യ രണ്ടാം തവണ മുഖ്യമന്ത്രിയായത്. ശാന്തവും പക്വവുമായ പ്രവർത്തനശൈലിയാണ് സിദ്ധരാമയ്യയുടേത്. അദ്ദേഹം പൊട്ടിത്തെറിക്കാറില്ല. അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിയേക്കുമെന്നുള്ള അഭ്യൂഹം ഏതാനും മാസങ്ങളായുണ്ട്. പക്ഷെ അതിന് വലിയ പരിഗണനയൊന്നും മുഖ്യമന്ത്രിയുടെ 'പണി' അറിയാവുന്ന സിദ്ധരാമയ്യ കല്പിക്കുന്നില്ല. മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത സന്ദർഭത്തിൽ തന്നെ ഒരു അധികാരം പങ്കിടൽ കരാറുണ്ടെന്നും അതുപ്രകാരം അധികാരമേറ്റ് രണ്ടര വർഷമാകുമ്പോൾ ശിവകുമാറിനായി സിദ്ധരാമയ്യ മാറിക്കൊടുക്കണമെന്നും ഒരു വാക്കാൽ കരാറുണ്ടെന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു കരാറുണ്ടെന്ന് സിദ്ധരാമയ്യയോ ശിവകുമാറോ ഹൈക്കമാണ്ടോ പറഞ്ഞിട്ടില്ല. " നേതൃമാറ്റം ആവശ്യമെങ്കിൽ ഹൈക്കമാണ്ട് തീരുമാനിക്കട്ടെ. അത് അംഗീകരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്" തികഞ്ഞ ആത്മവിശ്വാസത്തോടെ സിദ്ധരാമയ്യ വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ ഹൈക്കമാണ്ട് നിലപാടല്ല, ഭൂരിപക്ഷം എം എൽ എമാരുടെ പിന്തുണയാണ് സിദ്ധരാമയ്യയുടെ മുഖ്യമന്ത്രിപദം ഉറപ്പാക്കിയത്. ആ എം എൽ എ മാരിൽ പ്രബലന്മാരെ മന്ത്രിമാരാക്കിയതോടെ സിദ്ധരാമയ്യയുടെ സ്വാധീനവും അംഗീകാരവും വർദ്ധിച്ചു. ഉപമുഖ്യമന്ത്രി പദവിയും പിസിസി അധ്യക്ഷസ്ഥാനവും ഒന്നിച്ചുണ്ടായിട്ടും സിദ്ധരാമയ്യയുടെ പ്രതിഛായ മറികടക്കാനോ ഭൂരിപക്ഷം എം എൽ എമാരുടെ പിന്തുണ ആർജ്ജിക്കാനോ കഴിഞ്ഞില്ല എന്നുള്ളതാണ് കരുത്തനായ ശിവകുമാറിന്റെ ദൗർബല്യം. അദ്ദേഹത്തെ കൂടുതൽ ദുർബ്ബലനാക്കാനുള്ള നീക്കങ്ങളാണ് സിദ്ധരാമയ്യയെ അന്ധമായി പിന്തുണക്കുന്ന 'അഹിന്ദ' മന്ത്രിമാർ നടത്തുന്നത്. ഭരണവിദഗ്ധൻ, നിയമ വിദഗ്ധൻ എന്നതുപോലെ ധനകാര്യ വിദഗ്ധനുമായ നേതാവാണ് സിദ്ധരാമയ്യ. ധനമന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ അദ്ദേഹം പതിനഞ്ച് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണയും ധനകാര്യ വകുപ്പ് അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പതിനാറാമത്തെ ബജറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യമന്ത്രി. മുട്ടുവേദന മൂലം യാത്രകൾ ഒഴിവാക്കി വിശ്രമിക്കുന്ന മുഖ്യമന്ത്രി ബജറ്റ് കൂടിയാലോചനയിലാണ്. നാലുലക്ഷം കോടിയുടെ ബജറ്റാണ് ഇത്തവണ സിദ്ധരാമയ്യ അവതരിപ്പിക്കുന്നത്. ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും വലിയ തുകയുടെ ബജറ്റ് ആണിത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ടവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി ബജറ്റ് കൂടിയാലോചന നടത്തുന്നുണ്ട്. അടുത്ത മാസം ഏഴിനാണ് ബജറ്റ് അവതരണം. കഴിവും അർഹതയുമുള്ള സിദ്ധരാമയ്യ അടുത്ത തവണയും മുഖ്യമന്ത്രിയാകട്ടെ എന്ന് ചില മന്ത്രിമാർ പരസ്യപ്രഖ്യാപനം നടത്തുമ്പോൾ ഉള്ളുനോവുന്നത് മുഖ്യമന്ത്രിക്കസേര സ്വപ്നം കാണുന്ന കരുത്തനായ ഉപമുഖ്യമന്ത്രി ശിവകുമാറിനാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img